Saturday, April 10, 2010

പ്രേമലേഖനം

നീ ജോക്കുട്ടന്റെയാ ബെര്‍ത്ത്‌ സട്ടിഫിക്കേറ്റിങ്ങോട്ടെടുത്തെ' മോനെ നോക്കിക്കൊണ്ടാണ്‌ ജോണി അത്‌ പറഞ്ഞത്‌.
'ശരി' യെന്ന് പറഞ്ഞുകൊണ്ട്‌ മേരി ബെഡ്‌ റൂമിലേക്ക്‌ പോയി.
'അവനഞ്ച്‌ വയസ്സായി.. ഇനി സ്കൂളിൽ ചെല്ലുമ്പോൾ ബെർത്ത്‌ സർട്ടിഫിക്കേറ്റ്‌ വേണമെന്ന് വല്ലതും പറഞ്ഞാലോ'.. ആത്മഗതം പോലെ അയാൾ പറഞ്ഞു.
തിരിച്ചു വരുമ്പോൾ മേരിയുടെ ചുണ്ടിൽ ഒരു കുസൃതി ചിരിയുണ്ടായിരുന്നു..
ബെർത്ത്‌ സർട്ടിഫിക്കേറ്റ്‌ ജോണിക്കു കൊടുത്തിട്ട്‌ അവൾ കൈയിലിരുന്ന നിറയെ പൂക്കളുടെ പടമുള്ള, മടക്കി വെച്ച ഒരു കടലാസ്‌ തുറന്ന് പതിഞ്ഞ സ്വരത്തിൽ വായിക്കാൻ തുടങ്ങി. മേരിയുടെ അടക്കി പിടിച്ചുള്ള ചിരി കേട്ടിട്ടാണ്‌ ജോണി തലയുയർത്തി നോക്കിയത്‌. ഒറ്റ നോട്ടത്തിൽ തന്നെ, ആ കടലാസയാൾ തിരിച്ചറിഞ്ഞു. വർഷങ്ങൾക്ക്‌ മുൻപ്‌ മഞ്ഞ വെയിൽ വീണു കിടന്ന ഒരു വൈകുന്നേരം അയാളുടെ മനസ്സിലേക്ക്‌ ഓടി വന്നു...

പ്രീ ഡിഗ്രി പ്രായം, നീല ബിഎസ്‌എ എസ്‌ എൽ ആർ, നീല ജീൻസ്‌ - അതായിരുന്നു ഞാൻ. ക്ലാസ്സ്‌ കഴിഞ്ഞു പോകുന്ന സമയം. എന്റെ സൈക്കിളിന്റെ ആദ്യത്തെ ബെല്ലടിച്ചപ്പോൾ അതു കേൾക്കാത്ത പോലെ അവൾ നടന്നത്‌ ഇപ്പോഴും ഓർമ്മയുണ്ട്‌. നിറയെ വെള്ള പൂക്കളുള്ള മഞ്ഞ ചുടിദാറായിരുന്നു അവളുടെ വേഷം. ഒന്നിൽ പിഴച്ചാൽ മൂന്ന്. പക്ഷെ നാലാമത്തെ ബെല്ലിലാണ്‌ അവൾ തിരിഞ്ഞു നോക്കിയത്‌. എന്റെ സൈക്കിളും, ഞാനും, എന്റെ സൈക്കിളിന്റെ ബെല്ലും എല്ലാം അവൾക്ക്‌ നല്ല പരിചയമാണെന്ന് എനിക്ക്‌ നല്ലവണ്ണം അറിയാമായിരുന്നു. ഒരു കള്ള ചിരിയോടെ അവൾ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ഹൃദയമിടിക്കുന്നത്‌ എനിക്കു തന്നെ നല്ലവണ്ണം കേൾക്കാമായിരുന്നു. സൈക്കിൾ അവളുടെ സമീപം ബ്രേക്കിട്ട്‌ നിർത്തി.
'മേരിയോട്‌ ഒരു കാര്യം പറയാനുണ്ടായിരുന്നു...' അതു പറയുമ്പോൾ സ്വന്തം ശബ്ദമല്ല പുറത്തു വന്നതെന്ന് എനിക്ക്‌ തോന്നി.
'അതിനെന്താ പറഞ്ഞോളൂ' അവളുടെ കൂസലിലായ്മയോടുള്ള മറുപടി കേട്ട്‌ എന്റെ ബാക്കിയുണ്ടായിരുന്ന ധൈര്യം കൂടി ചോർന്നു പോയി..
'ഇതൊന്നു വായിച്ചു നോക്കു' എന്നും പറഞ്ഞ്‌ പോക്കറ്റിലിരുന്ന കടലാസ്‌ അവളുടെ നേരെ നീട്ടി.
അതു വാങ്ങിച്ചവൾ തുറക്കാൻ ഭാവിച്ചപ്പോൾ, 'ഇപ്പോൾ വേണ്ടാ, പിന്നെ സാവധാനം വായിച്ചാൽ മതി' എന്നു പറഞ്ഞ്‌ ഞാൻ സൈക്കിളിൽ മുന്നോട്ട്‌ ചവിട്ടി നീങ്ങി.

കത്തിൽ പറഞ്ഞതു പോലെ അവളെന്നെയും കാത്ത്‌ പിറ്റെ ദിവസം പറഞ്ഞിടത്ത്‌ കാത്ത്‌ നിൽപ്പുണ്ടായിരുന്നു! അന്നു തോന്നിയ സന്തോഷം ഒരു പക്ഷെ എവറസ്റ്റ്‌ കീഴടക്കിയപ്പോൾ ടെൻസിംഗ്‌ നും ഹിലാരിക്കും കൂടി തോന്നിക്കാണില്ല.
എന്നെ കണ്ട്‌ ഒരു പരിഭവത്തൊടെ അവൾ ചോദിച്ചു.
'എന്താ ജോണീ ഇങ്ങനെയൊക്കെ? ഇതു കുറച്ച്‌ കൂടിപ്പോയി'.
എന്റെ ഇടതു കൈയ്യിലെ ചൂണ്ടു വിരൽ പ്ലാസ്റ്ററിട്ടിരിക്കുന്നത്‌ അവളപ്പോഴേക്കും ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു.
'എനിക്കു തന്നോട്‌ പറയാനുള്ളതെല്ലാം ഇങ്ങനെ എഴുതി തരാനാണ്‌ തോന്നിയത്‌..'
'പക്ഷെ, രക്തം കൊണ്ടാരെങ്കിലും എഴുതുമോ?'
അതു പറയുമ്പോൾ അവളുടെ കൈവിരലുകൾ എന്റെ ഇടതു ചൂണ്ടു വിരലിന്റെ പുറത്തായിരുന്നു..

വർഷങ്ങളെത്ര കഴിഞ്ഞിരിക്കുന്നു.. നീണ്ട മൂന്ന് വർഷത്തെ പ്രണയം. അന്നാ പ്രേമലേഖനത്തിൽ എഴുതിയത്‌, അല്ലെങ്കിൽ എഴുതി കൂട്ടിയത്‌ എന്തായിരുന്നുവ്‌എന്ന് ഇന്ന് ഓർത്തെടുക്കാൻ കഴിയുന്നില്ല. അതിനു ശേഷം എത്രയെത്ര കത്തുകൾ, പൂവുകൾ, കൊച്ചു കൊച്ചു സമ്മാനങ്ങൾ..

ഒരു ചെറിയ ചിരി കേട്ടു ജോണി മേരിയുടെ നേരെ നോക്കി.
എന്റെ ആദ്യ പ്രേമ ലേഖനം, രക്ത വർണ്ണമുള്ള അക്ഷരങ്ങൾ.. അതുയർത്തി കാട്ടിക്കൊണ്ട്‌ ഒരു കള്ള ചിരിയോടെ മേരി ചോദിച്ചു 'ഇതെന്തൊക്കെയാ എഴുതി വെച്ചിരിക്കുന്നതെന്ന് വല്ല ഓർമ്മയുമുണ്ടോ?'.
പ്രേമത്തോടെ ജോണിയുടെ കവിളിൽ ചുംബിച്ചിട്ട്‌ അവൾ അകത്തേക്ക്‌ പോകുമ്പോൾ അയാളോർത്തു..
'അന്ന് ചോര ഒപ്പിക്കാൻ ഞാൻ പെട്ട പാട്‌! ഈ കൊച്ചി നിറയെ കൊതുകുള്ളതെന്റെ ഭാഗ്യം!'

സമർപ്പണം: ഈ കഥ കൊച്ചി നിവാസികളായ എല്ലാ കാമുകന്മാർക്കുമായി സ്നേഹപ്പൂർവം സമർപ്പിക്കുന്നു.


foreverfiroo
never say goodbye

No comments: